സന്ധ്യാസമയം, എന്റെ ഫോണ്‍ ശബ്ദിക്കുന്നു... നോക്കിയപ്പോള്‍ അനിയത്തിയാണ്, അമ്മു.
ഉണ്ന്യേട്ടനെഴുത്യ നോട്ട്-നെ പറ്റി അഭിപ്രായം പറഞ്ഞു തരാം ന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അതിനുള്ള വിളിയാവും ഇതിപ്പൊ, ഉള്ളില്‍ ഒരു ചിരിയോടെ ഫോണെടുത്തു.
അമ്മു: ഉണ്ണ്യേട്ടാ, തിരക്കിലാണോ? ഇപ്പൊ സംസാരിക്കാന്‍ പറ്റുമോ?
ഉണ്ണ്യേട്ടന്‍ : തിരിക്കിലൊന്നുമല്ല, പറയൂ, എന്തൊക്ക്യാ വിശേഷം?
അമ്മു: ഉണ്ണ്യേട്ടന്‍ എഴുതിയത് വായിച്ചു.
ഉണ്ണ്യേട്ടന്‍ : ആ! കേള്‍ക്കട്ടെ. എന്താ അമ്മുന്റെ അഭിപ്രായം?
അമ്മു: ഇഷ്ടായി ഉണ്ണ്യേട്ടാ, ശെരിയാണ് എഴുതിയത്.
എന്നാലും, സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമില്ലേ, അധികാരമില്ലേ ഈ നാട്ടില്‍? അത് തെറ്റാണോ? ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികള്‍ക്ക് കിട്ടുന്നത് പോലെ ഒരു ട്രെയിനിംഗ് ഇക്കാര്യത്തില്‍ കൊടുക്കേണ്ടതല്ലേ?
ഉണ്ണ്യേട്ടന്‍ : അമ്മു, വസ്ത്രധാരണത്തെ പറ്റിയല്ല ഉണ്ണ്യേട്ടന് പറഞ്ഞത്. അതിനെയല്ല ഉണ്ണ്യേട്ടന്‍ അഹങ്കാരം എന്നോ ഉത്തരവാദിത്വമില്ലായ്മ എന്നോ പറഞ്ഞത്.
നോക്കൂ, "DON'T TEACH ME WHAT TO WEAR; TEACH YOUR SONS NOT TO RAPE" - ഈ പറഞ്ഞതില്‍ ആദ്യത്തെ വാചകത്തെ നോക്കൂ.
"DONT TEACH ME" - ഇങ്ങനെ നല്ല കുട്ടികള്‍ പറയാറില്ല, കുട്ടികള്‍ എന്നല്ല ആര് ഇങ്ങനെ പറഞ്ഞാലും അത് ധാര്‍ഷ്ട്യമാണ്. ആരെങ്കിലും ഒരു കാര്യം പറഞ്ഞു തരുമ്പോള്‍ "എന്നെ പഠിപ്പിക്കാന്‍ നോക്കേണ്ട" എന്ന് പറയുന്നത് എത്ര മാത്രം ധാര്ഷ്ട്യമാണ്. ജീവിതത്തില്‍ നമ്മള്‍ക്ക് ഒരിക്കലും " ഡോണ്ട് ടീച് മി" എന്ന മനോഭാവം ഉണ്ടാവാന്‍ പാടില്ല. ആര് പറഞ്ഞു തരുന്നുവോ, പറഞ്ഞു തരാന്‍ ശ്രമിക്കുന്നുവോ അവരെ കേള്‍ക്കുക... കേട്ടതിനു ശേഷം അതിനെ പറ്റി ചിന്തിച്, ശെരി എന്ന് അവനവനു തോന്നുന്നത് സ്വീകരിക്കുക. ഇതാവണം നമ്മുടെ മനോഭാവം, അല്ലാതെ "എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം, നിങ്ങളെന്നെ പഠിപ്പിക്കാന്‍ നോക്കേണ്ട" എന്നതാവരുത്. അത് അഹങ്കാരം ആണ്.
ഇനി, രണ്ടാമത്തെ വാചകം "TEACH YOUR SONS NOT TO RAPE" - നോക്കൂ എന്താണ് പറയുന്നതെന്ന്, നിങ്ങള്‍ പോയി നിങ്ങളുടെ ആണ്‍കുട്ടികളെ റേപ്പ് ചെയ്യാണ്ടിരിക്യാന്‍ പഠിപ്പിക്കു എന്ന്. ഇതേ ആളാണ് നേരത്തെ പറഞ്ഞത് "എന്നെ നിങ്ങള്‍ പഠിപ്പിക്കേണ്ട" എന്ന്. രക്ഷിതാക്കള്‍ക്കുള്ള ഉപദേശമാണ്,ആജ്ഞയാണ് സ്വന്തം കുട്ടികളെ പഠിപ്പിക്കാന്‍! അച്ഛനും അമ്മയും പറയുന്നത് കേട്ട് അതിനനുസരിച് ജീവിക്കുന്ന കുട്ടികളാണ് നമ്മളെങ്കില്‍ ഈ നാട് എന്നെ നന്നായേനെ. അല്ലെ?
അങ്ങനെ സംഭവിക്കുന്നില്ല, എന്ത് കൊണ്ടാണ്? ഒരു സ്ത്രീ പറയുകയാണ് "TEACH YOUR SONS NOT TO RAPE", എന്താണ് മനസ്സിലാക്കേണ്ടത്? അമ്മമാര്‍ വേണ്ട വിദ്യാഭ്യാസം മക്കള്‍ക്ക് കൊടുക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു! ഈ ഒരു അര്‍ത്ഥമേ അതിനുള്ളൂ. സ്ത്രീത്വത്തെ,മാതൃത്വത്തെ ലജ്ജിപ്പിക്കുന്ന ഒരു പ്രസ്താവനയാണ് അത്. ഒരു സ്ത്രീ എന്ന നിലയില്‍ ഈ പ്ലക്കാര്ട് ഉയര്‍ത്തിപ്പിടിച്ചവള്‍ക്ക് ആ തിരിച്ചറിവ് ഇല്ലാതെ പോയി, ഉത്തരവാദിത്വം ഇല്ലാതെ പോയി എന്നാണ് പറഞ്ഞത്.
കാരണം, ഒരു ആണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അമ്മയിലൂടെയാണ് അവന്‍ സ്ത്രീയെ അറിയുന്നത്,മനസ്സിലാക്കുന്നത്. അമ്മയാണ് അവന്റെ ആദ്യത്തെ ഗുരു. ഒരു കുട്ടി പരീക്ഷക്ക് തോറ്റാല്‍, ആരെയാണ് ആദ്യം നമ്മള്‍ പഴിക്കുക? പഠിപ്പിച്ച ആളെ? പിന്നെയെ നമ്മള്‍ കുട്ടിയെ പഴിക്കാറുള്ളൂ, കുറ്റപ്പെടുത്താറുള്ളൂ. ഇവിടെ ആ സ്ത്രീ അമ്മമാരെ കുറ്റപ്പെടുത്തുകയാണ് അറിഞ്ഞോ അറിയാതെയോ ചെയ്തത്.. ഇതിനെയാണ് ഉത്തരവാദിത്വമില്ലായ്മ എന്ന് ഉണ്ണ്യേട്ടന്‍ പറഞ്ഞത്.
അമ്മു: ഉം... ശെരിയാ.. പക്ഷെ, ആണ്‍കുട്ടികള്‍ക്കും ഞങ്ങള്‍ക്ക് വീട്ടില്‍ കിട്ടണ പോലത്തെ ട്രെയിനിംഗ് കൊടുക്കണം എന്നാ എന്റെ അഭിപ്രായം. ഞങ്ങളെയൊക്കെ അമ്മ എങ്ങന്യാ അമ്മ വളര്‍ത്തുന്നത് ന്നാ? കഠിനമാണ് ഉണ്ണ്യേട്ടാ, ഒരു സ്വാതന്ത്ര്യോം ഇല്ല, തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റപ്പെടുത്തലുകള്‍, എവിടെയെങ്കിലും പോവണമെങ്കില്‍ കാരണം പറയണം, സത്യത്തില്‍ ഒരു ജയിലില്‍ ജീവിക്കുന്ന പോലെ! ആണ്‍കുട്ടികള്‍ക്ക് ഇങ്ങനൊന്നുമില്ലല്ലൊ... അവര്‍ക്ക് തോന്നിയ പോലെ നടക്കാം :(, പണ്ടത്തെ കാലമൊന്നുമല്ലല്ലോ, അവര്‍ക്കും കിട്ടണം ഇങ്ങനത്തെ ട്രെയിനിംഗ്.
ഉണ്ണ്യേട്ടന്‍ : ഹ ഹ! നിനക്കേ, ആണ്‍കുട്ട്യെളോട് അസ്സല്‍ അസൂയയാ... അതോണ്ടാ...
അമ്മു: കാര്യായിട്ട് പറഞ്ഞതാ ന്നെ
ഉണ്ണ്യേട്ടന്‍ : ഉം... :) എന്തിനാ ഈ കഠിനമായ ട്രെയിനിംഗ് ന്നാ? ആര്‍ക്കു വേണ്ട്യാ ന്നാ? നല്ല ട്രെയിനിംഗ് കിട്ട്യാല്‍ നല്ല കുട്ട്യാവും, നല്ല ട്രെയിനിംഗ് - അതിന് ഭാഗ്യം വേണം. കഠിനമായ ട്രെയിനിംഗ് ആവശ്യമുണ്ട് അമ്മു.. കേട്ടിട്ടില്ലേ, തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്ന്... അങ്ങനെ വളര്‍ത്തിയാല്‍ ഭാവിയിലെ വെയിലില്‍ നമ്മള്‍ വാടില്ല. അതിനുള്ള നല്ല ട്രെയിനിംഗ് ആയി കണ്ടാല്‍ മതി.
പിന്നെ, ആണ്‍കുട്ടികള്‍ക്ക് ട്രെയിനിംഗ് കിട്ടുന്നില്ല എന്ന് പറയുന്നതിലൊന്നും കാര്യമില്ല, അവര്‍ക്കും കിട്ടുന്നുണ്ടല്ലോ - അസ്സല് ട്രെയിനിംഗ്. പെണ്‍കുട്ടികള്‍ക്ക് കിട്ടുന്ന ട്രെയിനിംഗ് പോലെ അല്ല എന്ന് മാത്രം.
അമ്മു: എന്നാലും ഇത് കുറച്ച് കൂടുതലാ! ഇതേ കാലം വേറെയാ... നിങ്ങള്‍ടെ 'മനു'ന്റെ കാലമൊന്നുമല്ല! 'ന സ്ത്രീ സ്വാതന്ത്ര്യമര്‌ഹതി' ന്നു പള്ളീപ്പോയി പറഞ്ഞാ മതി. :-P
ഉണ്ണ്യേട്ടന്‍ : അതേ, കുറച്ച കൂടുതല്‍ ട്രെയിനിംഗ് ന്റെ ആവശ്യം നിങ്ങള്‍ക്ക് ആവശ്യമുണ്ടല്ലോ...അതുകൊണ്ടാണല്ലോ ട്രെയിനിംഗ് കഠിനമാവുന്നതും. എന്താ കാര്യം ന്നാ? സ്ത്രീയാണ് കുടുംബത്തിന്റെ ശക്തി, കുടുംബങ്ങളാണ് സമൂഹത്തിന്റെ ശക്തി, നല്ല സമൂഹങ്ങളാണ് രാജ്യത്തിന്റെ ശക്തി. അതുകൊണ്ട് തന്നെ അവര്‍ക്ക് ശക്തമായ ട്രെയിനിങ്ങും ആവശ്യമുണ്ട്. പറയൂ, നമ്മുടെ നാടിനെ നന്നാക്കാന്‍ ആര്‍ക്കാണ് ശെരിക്കും ശക്തി? സ്ത്രീകള്‍ക്ക്! ആര്‍ക്കാണ് ശക്തി വേണ്ടത്? സ്ത്രീകള്‍ക്ക്! അപ്പൊ ട്രെയിനിങ്ങും ഗംഭീരാവണം. ഹി ഹി.
മനു പറഞ്ഞതിന്റെ മുന്നും പിന്നും വായിക്കാതെ ഓരോന്നും പറയുകയാ? "യെത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ തത്ര ദേവതാ" എന്നും ഞങ്ങള്‍ടെ മനു പറഞ്ഞു വെച്ചിട്ടുണ്ട്.
അതാണ് ഭാരതത്തിന്റെ പാരമ്പര്യം... സ്ത്രീകളെ എവിടെ പൂജിക്കപ്പെടുന്നുവോ,ബഹുമാനിക്കപ്പെടുന്നുവോ അവിടെ ദൈവം വസിക്കുന്നു എന്ന്.
ഉണ്ണ്യേട്ടന്‍: ഒന്ന് ചോദിക്കട്ടെ അമ്മു, അമ്മൂനെ എപ്പോഴാണ് ആളുകള്‍ ബഹുമാനിക്കുന്നുണ്ട് എന്ന് തോന്നിയത്?
അമ്മു: ഉം... ??? എനിക്ക് ജോലി കിട്ടിയപ്പോ! ആളുകള്‍ എന്നെ ബഹുമാനിക്കുന്നതായി തോന്നിയിട്ടുണ്ട്.
ഉണ്ണ്യേട്ടന്‍ : ഗുഡ്. ശെരിയാണ്, നമ്മള്‍ക്ക് സ്വന്തമായി ജോലി കിട്ട്യാല്‍, സ്ഥിര വരുമാനം ഉണ്ടായാല്‍ ആരും ബഹുമാനിക്കും. എന്താ കാരണം? സ്വന്തം കാര്യം നോക്കാന്‍ ആയി, സ്വയം പര്യാപ്തത വന്നു...ബഹുമാനിക്കപ്പെട്ടു. ആണായാലും പെണ്ണായാലും ജോലി കിട്ട്യാല്‍ ആരും ബഹുമാനിക്കും. ആണും പെണ്ണും സ്വയംപര്യാപ്തര്‍ ആവേണ്ടതുമുണ്ട്.
ഉണ്ണ്യേട്ടന്‍ : ഇനി പറയൂ, ഒരു സ്ത്രീ എപ്പോഴാണ് ബഹുമാനിക്കപ്പെടുന്നത്?
അമ്മു: ഉം... ഉണ്ണ്യേട്ടന്‍ പറയൂ... കേള്‍ക്കട്ടെ... ന്നിട്ട് ഞാന്‍ പറയാം.
ഉണ്ണ്യേട്ടന്‍ : ഭാരതത്തില്‍ സ്ത്രീയെ അമ്മ/ദേവി/ശക്തി ആയിട്ടെ പൂജിച്ചിട്ടുള്ളൂ അഥവാ ബഹുമാനിച്ചിട്ടുള്ളൂ. ഇത് പറയുമ്പോ തോന്നിയേക്കാം, ജോലി കിട്ടിയപ്പോ,ഉയര്‍ന്ന മാര്‍ക്ക് കിട്ടിയപ്പോ,വല്യ സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ സ്ത്രീകളെ നിങ്ങള്‍ ബഹുമാനിക്കാറില്ലേ എന്ന്. ഉണ്ട്! പെണ്ണായാലും ആണായാലും അത്തരം കാര്യത്തില്‍ ബഹുമാനിക്കാരുണ്ട്. ഇവിടെ ചോദ്യം - സ്ത്രീ യെ പ്രത്യേകമായി എന്നതാണ്.
ഒരു സ്ത്രീ ആദരിക്കപ്പെടുന്നത് അവള്‍ അവളുടെ സ്ത്രീത്വത്തെ ബഹുമാനിക്കുന്നവള്‍/ഉയര്തിപ്പിടിക്കുന്നവള്‍ ആവുമ്പോഴാണ്. അവളുടെ മാത്രുത്വമാണ് അവളെ ബഹുമാനിതയാക്കിതീര്‍ക്കുന്നത്, അതാണ് അവളെ മറ്റുള്ളവരില്‍ നിന്നും ശ്രേഷ്ഠയാക്കി തീര്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഏതൊരു സ്ത്രീയുടെയും ആത്യന്തികമായ ധര്‍മ്മം ഈ ഗുണങ്ങളെ പരിപാലിക്കുക്കയും,പരിപോഷിപ്പിക്കുകയും,പരിശീലിക്കുകയും ആവുന്നു.
അല്ലാതെ, പുരുഷന്മാരുടെ ശീലങ്ങള്‍ ശീലിക്യ, അവര്‍ ചെയ്യുന്നത് പോലെ ചെയ്യുക, അവരുടെ സ്വാതന്ത്ര്യാണ് ഞങ്ങള്‍ക്ക് വേണ്ടത് എന്നൊക്കെ ഉള്ള ചിന്തകള്‍ അബദ്ധമാണ്. ഓരോരുത്തരും അവരവരുടെ പ്രകൃതത്തിനനുസരിച് ധര്‍മ്മത്തെ ആച്ചരിക്കെണ്ടതുണ്ട്. പുരുഷന്മാര്‍ക്ക് അവരുടെ ധര്‍മ്മം, സ്ത്രീക്ക് സ്ത്രീയുടെ ധര്‍മ്മം. അല്ലാതെ, ഇത് രണ്ടും അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിക്കൊഴച്ചാല്‍ അത് വൃത്തികേടാവും, ബഹുമാനം നഷ്ടപ്പെടും. എല്ലാത്തിനുമുപരി ധര്‍മ്മത്തിന് ച്യുതി വരും.
ഗീതയില്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നുണ്ട്, "സ്വധര്‍മ്മേ നിധനം ശ്രേയ, പരധര്‍മ്മോ ഭയാവഹ" എന്ന്. അതായത്, സ്വന്തം ധര്‍മ്മത്തെ അനുഷ്ടിക്കുന്നതാണ് ശ്രേയസ്കരം, പരധര്‍മ്മത്തെ സ്വീകരിക്കുന്നത് ആപല്‍ക്കരമാണ് എന്ന്.
ഒരുദാഹരണം പറയാം, നമ്മള്‍ ടിവി-യില്‍ കോമഡി ഷോയിലോക്കെ ആണുങ്ങള്‍ പെണ് വേഷം കെട്ടി വരുമ്പോ ചിരിക്കാറില്ലേ,അത് കണ്ടു രസിക്കാരില്ലേ... അത് കാണുമ്പോ ഒരു കൌതുകത്തിന് നമ്മള്‍ ചിരിക്കാറുണ്ട്, പരിഹസിക്കാരുണ്ട്... ഒരു തമാശക്ക്! ആണുങ്ങള്‍ സ്ത്രീവേഷം കെട്ടിവെന്നാല് പെണ്ണുങ്ങളും, പെണ്ണുങ്ങള്‍ ആണുങ്ങളെ പോലെ വന്നാല്‍ ആണുങ്ങളും തമാശയോടെ കാണും. അതൊരു തമാശയാണ്... അതില്‍ ഒരു കാര്യവും ഇല്ല, തമാശ അല്ലാതെ/നേരംപോക്ക് അല്ലാതെ.
സ്ത്രീകള്‍ പുകവലിക്കുന്നതും,മദ്യപിക്കുന്നതും,വസ്ത്രം ധരിക്കുന്നതും, പുരുഷന്മാരെ പോലെ നടക്കുന്നതും പുരുഷന്മാര്‍ക്ക് ഒരു തമാശയാണ്,രസമാണ്... അതില്‍ കൂടുതാലായി ഒന്നുമില്ല. ആ ഒരു കൌതുകമല്ലാതെ ഒരു പുരുഷനും അതില്‍ സ്ത്രീയെ ബഹുമാനിക്കുന്നില്ല, ചൂഷണം ചെയ്യുക എന്നതല്ലാതെ. ഇത് ഓരോ സ്ത്രീയും മനസ്സിലാക്കേണ്ടതാണ്. അത് കൊണ്ട് സ്ത്രീകള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറെണ്ടിയിരിക്കുന്നു, കാര്യങ്ങളെ മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നേ പറയാനുള്ളൂ.
അമ്മു: ഞാനിത്രയ്കൊന്നും ചിന്തിച്ചിട്ടില്ല... ഈ റേപ്പും, പീഡന കഥകളും ഒക്കെ കേട്ടിട്ട് പേട്യാവുന്നു ഉണ്ണ്യേട്ടാ സത്യം പറഞ്ഞാല്‍... എങ്ങന്യാ ഈ ലോകത്ത് ജീവിക്യ, എന്ത് സുരക്ഷ്യാ ഇവിടെ ഉള്ളത്!?
ഉണ്ണ്യേട്ടന്‍ : ഉം... നേരത്തെ ഞങ്ങള്‍ടെ മനുനെ കുറ്റം പറഞ്ഞില്ലേ 'ന സ്ത്രീ സ്വാതന്ത്ര്യം...'; എവിടെ പോയി ആ ധൈര്യം? ഉം? അനിയത്തീ, സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍, അവളുടെ ശക്തി പ്രകടിപ്പിക്കാന്‍ ഒരു സാഹചര്യം വേണ്ടതുണ്ട്... ഒരു പ്ലാറ്റ്ഫോം വേണ്ടതുണ്ട്. എങ്കിലെ അവള്‍ക്ക് സ്വൈര്യമായി സന്തോഷത്തോടെ സ്വാഭാവികതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഓരോ കാലത്തും അവള്‍ക്ക് അതിനുള്ള സാഹചര്യമാണ് അച്ഛനും, ഭര്‍ത്താവും,മകനും ഒരുക്കി തരുന്നത്. അവരാണ് സ്ത്രീയെ അവളുടെ ഓരോ കാലത്തും സംരക്ഷിക്കുന്നത്, ഇതാണ് പുരുഷന്റെ ധര്‍മ്മവും. അങ്ങനെ ഒരാള്‍ എപ്പോഴും കൂടെയുണ്ടെങ്കില്‍ പിന്നെ എന്തിനു ഭയം?
അമ്മു: ഉണ്ണ്യേട്ടന്‍ കുറെ ചിന്തിച്ച് മനസ്സിലാക്കിയിരിക്കുന്നു... നല്ല രസണ്ട് കേള്‍ക്കാന്‍.
ഉണ്ണ്യേട്ടന്‍ : അതെ, അത് ഉണ്ണ്യേട്ടന് കിട്ടിയ ട്രെയിനിംഗ് ന്റെ ഗുണാണ്. ആണ്‍കുട്ടികള്‍ക്ക് ട്രെയിനിംഗ് കിട്ടണില്ലാന്നല്ലേ നീ മുന്‍പേ പറഞ്ഞത്, അങ്ങനെയല്ലെന്നു ഇപ്പൊ മനസ്സിലായില്ലേ.:)
അമ്മു: ഉം... അല്ല, പിന്നെ പറഞ്ഞല്ലോ സ്ത്രീകള്‍ക്ക് LOGIC കുറവാണെന്ന്, EMOTIONAL ആണെന്ന്.
ഉണ്ണ്യേട്ടന്‍ : ഓ ഹോ... അപ്പൊ ഒക്കെ കിറുകൃത്യായിട്ട് നോട്ട് ചെയ്തിട്ടുണ്ടല്ലോ... ഗുഡ്. സ്ത്രീക്ക് ലോജിക് കുറവാണ് എന്നല്ല, അവര് logically അല്ല കാര്യങ്ങളെ മനസ്സിലാക്കുന്നതും,കാര്യങ്ങളോട് പ്രതികരിക്കുന്നതും എന്നാണു പറഞ്ഞതിനര്‍ത്ഥം. അതായത്... അവര്‍ ഹൃദയപൂര്‍വമാണ് കാര്യങ്ങളെ കാണുന്നതും അനുഭവിക്കുന്നതും... അവിടെ ബുദ്ധിക്ക്,ലോജിക്നു വല്യ സ്ഥാനമില്ല. ഇത് ഒരു മോശം സ്വഭാവമല്ല കേട്ടോ. ഇതാണ് അവരുടെ ശക്തിയും, സ്വഭാവവും. "തലയില്‍ നിന്നും ഹൃദയത്തിലേക്ക്" അതാണ് ഒരു മനുഷ്യന്റെ ഉയര്‍ച്ചയെ കാണിക്കുന്നത്... സ്ത്രീ സ്വാഭാവികമായി അങ്ങനെയാണ്. ഇതിനര്‍ത്ഥം, ബുദ്ധി വേണ്ട, എന്നല്ല ട്ടോ - രണ്ടും വേണം. കേട്ടിട്ടില്ലേ... "ബുദ്ധിപൂരവം ചിന്തിക്കുക, എന്നിട്ട് ഹൃദയപൂര്‍വം പ്രവര്‍ത്തിക്കുക" എന്ന്, അത് തന്നെ.
അമ്മമാര്‍ കൊടുക്കുന്ന ട്രെയിനിങ്ങും ഇങ്ങന്യാണ്... ഒരു വടിയും പുസ്തകവുമെടുത്ത് "വാ, ഇന്ന് ഞാന്‍ നിനക്ക് റേപ്പ് നെ പറ്റിയും, അതെങ്ങനെ ചെയ്യാതിരിക്കാം എന്നും പറഞ്ഞുതരാം" എന്ന രീതിയില്ല. അത് സൂക്ഷ്മമായ ഒരു ട്രെയിനിംഗ് ആണ്... സംസാരത്തിനും,പ്രവര്‍ത്തികള്‍ക്കും അപ്പുറത് അമ്മയുടെ ആത്മാവും,ഹൃദയവും ചേര്‍ത്തുവെച്ചുള്ള ഹൃദയപൂര്‍വമായ ഒരു ട്രെയിനിംഗ് ആണത്. ആ ട്രെയിനിംഗ് കൊടുക്കാന്‍ അമ്മയ്കെ കഴിയുള്ളൂ. അങ്ങനെയുള്ള നല്ലൊരു അമ്മയാവുക എന്നതാവണം ഓരോ സ്ത്രീയുടെയും ആത്യന്തികമായ ആഗ്രഹം/അഭിലാഷം. ഒരമ്മയും കുഞ്ഞിനു കൊടുക്കേണ്ട സ്നേഹവും/വിദ്യാഭ്യാസവും നഷ്ടപ്പെടുത്താന്‍ പാടില്ല, കുഞ്ഞിന്റെ ഭൗതികവും/മാനസികവുമായ വളര്‍ച്ചക്ക് ഏറ്റവും ഉയര്‍ന്ന പരിഗണ കൊടുക്കണം. അല്ലാതെ, ജോലിക്കും, പണത്തിനും, അവനവന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും, ആഗ്രഹങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുമ്പോള്‍, വിദ്യാഭ്യാസം സ്കൂളില്‍ നിന്ന് കിട്ടും എന്ന് വിചാരിക്കുമ്പോള്‍ അവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്... അമ്മ കൊടുക്കേണ്ട വിദ്യാഭ്യാസം ഒരു സ്കൂളിനും, മാഷ്നും കൊടുക്കാന്‍ ആവില്ല എന്ന്.
ഒരു സ്ത്രീ അവളുടെ മാതൃധര്‍മ്മം ആചരിക്കുമ്പോള്‍, അപ്പോള്‍ മാത്രമേ അവള്‍ അമ്മയാവുന്നുള്ളൂ. അങ്ങനെയുള്ള ഒരമ്മ ആവുമ്പോഴോ? എന്താ ഗുണം ?
നിന്റെ മകന്‍ നിന്നെ അറിയും, നിന്നിലൂടെ സ്ത്രീയെ ബഹുമാനിക്കും, അവന്‍ മറ്റാരേക്കാളും നിന്നെ ബഹുമാനിക്കും/സ്നേഹിക്കും അവസാനം വരെ. അതാണ് ഒരു സ്ത്രീക്ക്,ഒരമ്മയ്ക്ക് ഈ ലോകത്ത് ലഭിക്കുന്ന ഏറ്റവും വല്യ പുണ്യം. അങ്ങനെയുള്ള മക്കളെ സൃഷ്ടിക്കുക,വളര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ഒരമ്മയ്ക്, ഒരു സ്ത്രീയ്ക് ഈ ലോകത്തോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വല്യ പുണ്ണ്യവും, അവളുടെ ഉത്തരവാദിത്വവും. ഇത് ഒരു സ്ത്രീയും മറക്കാന്‍ പാടില്ലാത്തതാണ്.
ഓരോ മാതാവും സ്ത്രീത്വത്തിന്റെ ആള്‍രൂപം ആവണം, ഓരോ പിതാവും പുരുഷത്വത്തിന്റെയും. അമ്മയും അച്ഛനും കുട്ടികള്‍ക്ക് മാതൃകകള്‍ ആവണം. ഞങ്ങളിലൂടെയാണ് കുട്ടികള്‍ ഏറ്റവും വല്യ വിദ്യാഭ്യാസം നേടുന്നത് എന്ന ഉത്തമ ബോധ്യം ഓരോ അമ്മയ്കും അച്ഛനും ഉണ്ടാവണം. അങ്ങനെയായാല്‍ അവരുടെ കുട്ടികള്‍ നന്നാവും, നാടും നന്നാവും.
അമ്മു: ശെരിയാണ് ഉണ്ണ്യേട്ടാ. ഇതിനെ പറ്റിയൊക്കെ ചിന്തിക്കേണ്ട ശെര്യായ സമയാണ് എനിക്കിപ്പോ... എന്തായാലും ഗുണകരമായി ഉണ്ന്യേട്ടനോടുള്ള ഈ സംസാരം. ഇങ്ങന്യൊക്കെ പറഞ്ഞു തരാന്‍ വേറാരാ എനിക്കുള്ളത്!
ഉണ്ണ്യേട്ടന്‍: :-) ഉണ്ന്യേട്ടനാണ് ഏറ്റവും സന്തോഷം. എന്നോട് അഭിപ്രായം ചോദിച്ചല്ലോ ഇതെപ്പറ്റി, അത് തന്നെയാണ് സന്തോഷം. നിന്നോട് ഇതിപ്പൊ പറഞ്ഞു തന്നില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് ഒരു കാര്യോമില്ല. അതോണ്ടാ സംസാരം നീണ്ടു പോയത്. എന്നാല്‍ ശെരി, ഇന്നത്തേക്ക് നമുക്ക് ഇവിടെ നിര്‍ത്താം. അമ്മയോട് ഉണ്ന്യേട്ടന്റെ അന്വേഷണം പറയൂ ട്ടോ.
അമ്മു: ശെരി, ഉണ്ണ്യേട്ടാ.
ഉണ്ണ്യേട്ടന്‍ : ശെരി.
ഞാന്‍ കാള്‍ കട്ട് ചെയ്തു.
=============
ദിവസങ്ങളായി ഉരുണ്ടുകൂടിയ ഒരു കാര്‍മേഘം, അതിനു ഭാരം കൂടി വരുമ്പോള്‍... അതിന്റെ സമയമാവുമ്പോള്‍, മഴയായി പെയ്യാറുള്ളതുപോലെ... മനസ്സില്‍ ദിവസങ്ങളായി ഉരുണ്ടു കൂടിയ ചിന്തകള്‍ ഒരു മഴയായി ഞാന്‍ അമ്മുവില്‍ വര്‍ഷിച്ചു. അവള്‍ക്ക് പറഞ്ഞത് മനസ്സിലായോ, അതോ ആയില്ലേ, അതോ ഈ ചിന്തകളുടെ മഴ അവള്‍ ഒരു കുടയുമെടുത്ത് തന്നെ തൊടീക്കാതെ വെറുതെ ആസ്വദിക്കുകയാണോ ചെയ്തത്, അതോ പറഞ്ഞ പോലെ അവള്‍ പ്രവര്‌തിക്ക്യൊ എന്നൊന്നും ചിന്തിച്ചില്ല; അത് കാര്‍മേഘത്തിന് ഒരു വിഷയമല്ല തന്നെ, അത് മഴയുടെ ശീലമല്ലത്രേ... പെയ്യേണ്ട സമയമാവുമ്പോള്‍ അത് എവിടെ/ആരോട് എന്ന് നോക്കാതെ/ചോദിക്കാതെ പെയ്യും, പെയ്തു തീരും.
അങ്ങനെ പെയ്തു തീര്‍ന്നു ഈ കാര്‍മേഘം, ഇപ്പോള്‍ അതൊരു വെണ്മേഘമായി മാറിയിരിക്കുന്നു... ഇനി എന്റെ പ്രിയപ്പെട്ട സുഹൃത്തിനു,കാറ്റിനു എന്നെ എളുപ്പത്തില്‍ ഈ ആകാശത്തിലൂടെ ഒഴുക്കി നീക്കാം.
ഞാനീ അനന്തമായ ആകാശത്തിലൂടെ ഒഴുകട്ടെ...
================
സമര്‍പ്പണം: അമ്മയുടെ പാദപത്മങ്ങളില്‍.

No comments:
Post a Comment