"അതിഥി ദേവോ ഭവ:", തൈത്തരീയ ഉപനിഷദിലെ പ്രശസ്തമായ ഈ ആശയം കേള്‍ക്കാത്ത ഒരു ഭാരതീയനുമുണ്ടാവില്ല. നമ്മുടെ സംസ്കാരത്തിന്റെ ഔന്നത്യത്തെ കാണിക്കുന്ന അനേകം ഉദ്ധരണികളില്‍ ഒന്നാണ് ഇത്.
ഈ കുറിപ്പിന് 'അതിഥി ദേവോ ഭവ:' എന്ന് പേരിടാനുള്ള കാര്യം ആദ്യം പറയാം. അതിഥി എന്നതിന് നമ്മള്‍ പൊതുവെ കൊടുക്കുന്ന അര്‍ത്ഥം വീട്ടില്‍ വരുന്ന ഗസ്റ്റ്,വിരുന്നുകാര്‍ എന്നൊക്കെയാണല്ലോ. അതില്‍ നിന്നും വ്യത്യസ്തമായ ഒരര്‍ത്ഥ തലം കൂടെ ഈ വാക്കിനുണ്ട്. തിഥി എന്നതിനു സംസ്കൃതത്തില്‍ ദിവസം/സമയം എന്നതിനെ അര്‍ത്ഥമാക്കാനാണ് ഉപയോഗിക്കാറ് . ഇവിടെ അതിഥി എന്നതിന് നമ്മള്‍ കൊടുക്കേണ്ട അര്‍ഥം "സമയത്തിന്റെ മുന്നറിയിപ്പില്ലാതെ, മുന്‍കൂട്ടി പറയാതെ വരുന്നത്, സംഭവിക്കുന്നത്" എന്നാണ്. മുന്‍കൂട്ടി പറയാതെ, ചോദിക്കാതെ, നമ്മുടെ സൌകര്യോം, സമ്മതോം ചോദിക്കാതെ കേറി വരുന്നത് എന്താണ്? ആരാണ്? - "അനുഭവങ്ങള്‍", അല്ലെ?
ഇനി 'ദേവോ' എന്ന വാക്ക്, ഇതിനു നമുക്കെല്ലാര്‍ക്കും സുപരിചിതമായ 'ദൈവം' എന്ന വാക്കിന്റെ അര്‍ഥം തന്നെ. എന്നാല്‍, ഈ വാക്കിന്റെ യഥാര്‍ത്ഥ അര്‍ഥം എന്താണ്?
ദേവ:(ദിവ് ധാതു) ശബ്ദത്തിനു സംസ്കൃതത്തില്‍ പ്രകാശിക്കുന്നത് എന്നാണു അര്‍ത്ഥം. "ദൈവം" എന്ന പദത്തിനു ദ്യോതിപ്പിക്കുന്നതിനെ അല്ലെങ്കില്‍ പ്രകാശിപ്പിക്കുന്നതിനെ സംബന്ധിക്കുന്നത് എന്നും. എന്തൊന്നാണോ ഈ ശരീരത്തെ, ജീവനെ, ഈ പ്രപഞ്ചത്തെ, പ്രകൃതിയെ പ്രകാശിപ്പിക്കുന്നത് അല്ലെങ്കില്‍ ജീവസ്സുറ്റതാക്കി നിലനിര്‍ത്തുന്നത് എന്തോ, അത്! ഈ ഒരര്‍ത്ഥത്തിലാണ് ഈ കുറിപ്പിനെ കാണേണ്ടത്.
അതിഥി ദേവോ ഭവ : അനുഭവങ്ങള്‍ പ്രകാശമാവട്ടെ!
---------------------------------------
5 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, ഞാന്‍ ബംഗലൂരില് എത്തിയിട്ട് ഒന്നോ രണ്ടോ ആഴ്ച്ചയെ ആയിട്ടുള്ളൂ. പുതിയ സ്ഥലം, ഭാഷ, രീതികള്‍, ട്രാഫിക് ഒന്നും എനിക്കത്ര ദഹിക്കുന്നില്ല. ഈ "വര്‍ക്ക് പ്രെഷര്‍" എന്നത് ഇവിടെ എത്തുന്നത് വരെ ഞാന്‍ പറഞ്ഞു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, പക്ഷെ ഇപ്പൊ ശരിക്കും അനുഭവിക്കുകയാണ്. രാവിലെ ഏഴു മണിക്ക് പോയാല്‍ റൂമില്‍ തിരിച്ചെത്തുന്നത് വൈകീട്ട് ഒമ്പത് മണിക്കോ പത്തു മണിക്കോ ഒക്ക്യാണ്. ഒക്കെ പോരാത്തതിന് കിട്ടിയ കമ്പനിയാണെങ്കില്‍ UK ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും. എനിക്കാണെങ്കില്‍ പണ്ടെക്കും-പണ്ടേ ബ്രിട്ടീഷ്‌കാരോട് വല്യ ഇഷ്ടമൊന്നുമില്ല (കാരണം വിശദീകരിക്കേണ്ടല്ലോ). ഈ കമ്പനീലാണേല്‍ നാട്ടിലില്ലാത്ത നിയമങ്ങളും, രീതികളും... എല്ലാത്തിനും പുറമേ മനുഷ്യപറ്റില്ലാത്ത ഒരു കന്നടിഗ മാനേജെരും. ബ്രിട്ടീഷ്‌കാരുടെ ചൂഷണനയങ്ങള്‍ ഇവിടെയും ഞാന്‍ കണ്ടു, അനുഭവിച്ചു. ജോലിക്ക് മുകളില്‍ ജോലി തന്നോണ്ടിരുന്നു എന്റെ മാനേജര്‍ സര്‍! SOW-ഇല്‍ ഉള്ളതും ഇല്ലാത്തതും എന്നെ കൊണ്ട് ചെയ്യിപ്പിക്കുകയാണ് പഹയന്മാര്‍! അങ്ങനെ, കിട്ടിയ ജോലിയെ പഴിച്ചു ജീവിക്കുന്ന ഒരു ദുരിതകാലം.
ഒരു തിങ്കളാഴ്ച, പതിവ് പോലെ ഞാന്‍ ഓഫീസിലേക്കുള്ള യാത്രയിലാണ്. ഇന്നും ആ നരകത്തിലേക്കാണല്ലോ ഈശ്വരാ, പോവേണ്ടത് എന്ന ചിന്ത മനസ്സില്‍!. ചിന്താഭാരം കൂടി കൂടി വന്നു... ഒടുവില്‍ ഞാന്‍ ഉറപ്പിച്ചു. ഈ ജോലി ശെരിയാവില്ല!!! നാട്ടില്‍ പോയി രണ്ടു പയ്യിനേം വാങ്ങി, പറമ്പും നോക്കി, കൃഷീം മറ്റു കാര്യങ്ങളുമായി കഴിയുകയാണ് ഇതിലും ഭേദം എന്നുറപ്പിച്ചു. ഇഷ്ടപ്പെട്ടു പഠിച്ച ലിനക്സ് !, അത് വേണമെങ്കില്‍ ഒരു ലാപ്ടോപ് വാങ്ങി ഇന്‍സ്റ്റോള്‍ ചെയ്യാല്ലൊ. എന്നും രാവിലേം വൈകീട്ടും കമാണ്ട്സ് ഒക്കെ പ്രാക്ടീസ് ചെയ്യാം എന്നൊക്കെ പറഞ്ഞു മനസ്സിനെ സമാധാനിപ്പിച്ചു. അങ്ങനെ ശെരിക്കും ഉറപ്പിച്ചു, ഇന്നാണ് ഈ കമ്പനീലെ ലാസ്റ്റ് ഡേ!
ബസ് ശിവജിനഗര്‍ ബസ്-സ്റ്റാന്‍ഡില്‍ എത്തി. ഇതിനടുത്താണ് എന്റെ ഓഫീസ്. ഇറങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത്, ഷൂ പോളിഷ് ചെയ്തിട്ടില്ല! തിങ്കളാഴ്ചത്തെ തിരക്കില്‍ അതൊക്കെ മറന്നിരിക്കുന്നു. ഈ കമ്പനീലാച്ചാല്‍ ഇതൊക്കെ വല്യ നിര്‍ബന്ധോം ആണ്. വഴിയില്‍ നോക്കീട്ട് ആരെയും കാണുന്നുമില്ല...
കുറച്ച നടന്നപ്പോള്‍ റോഡരുകില്‍ ഒരാളെ കണ്ടു. അയാളുടെ മുന്നില്‍ ഒരു ചെറിയ പായയില്‍ ഒന്ന്/രണ്ടു ചെരിപ്പ്, പിന്നെ ഒരു ബാഗ്. ഹാവൂ, ചെരുപ്പുകുത്തിയാണെന്നു തോന്നുന്നു. അല്പം സംശയിച് അടുത്തേക്ക് ചെന്നു...
ഞാന്‍ വിളിച്ചു, "ശ് ശ്..ഹലോ?", അയാള്‍ തലയുയര്‍ത്തി എന്നെ നോക്കി.
ഒരു പടുവൃദ്ധന്‍!!!! മുഖം മുഴുവന്‍ ചുക്കിച്ചുളിഞ്ഞിരിക്കുന്നു, തീരെ വൃത്തിയില്ലാത്ത വേഷം, ശരീരം മൊത്തത്തില്‍ വിയര്‍ത്തു കുളിച്ചിരിക്കുന്നു. ഇയാളെന്തിനാ ഈ പൊരി വെയിലത് ഇങ്ങനെ ഇരിക്കുന്നതു..? മനസ്സ് ചോദിച്ചു. എന്തോ എനിക്കിയാളെ അത്ര പിടിച്ചില്ല. അടുത്ത് വേറെ ഒരാളേം കാണുന്നുമില്ല. മനസ്സിലൊരവ ജ്ഞയോടെ ഷൂ കാണി ച്ചിട്ട് ചോദിച്ചു, "പോളിഷ് മാടുമോ?"(മാടി എന്ന് പറഞ്ഞാ മതി, എന്റെ കന്നഡ പരിജ്ഞാനം കാണിക്കാന്‍ വേണ്ടി അയാളോട് അങ്ങനെ ചോദിച്ചുന്നെള്ളൂ. അബദ്ധായി എന്തായാലും ചോദ്യം!;-))
ഇനി പറയാന്‍ പോവുന്ന കാര്യം, അഥവാ ഈ ‘ചെരുപ്പുകുത്തിയുടെ പ്രവൃത്തി’ ആണ് "അനുഭവം". എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച, പലപ്പോഴായി എന്നെ കണ്ണീരണിയിച്ച, ആ മഹത് പ്രവൃത്തി.
നേരത്തെ പറഞ്ഞിരുന്നല്ലോ നല്ല വെയിലത്താണ് ഇയാള്‍ ഇരിക്കുന്നത് എന്ന്... സൂര്യഭഗവാന് അഭിമുഖമായി. അതുകൊണ്ട് തന്നെ ഇയാളുടെ മുഖം മൊത്തത്തില്‍ വിയര്‍പ്പു കൊണ്ട് തിളങ്ങുന്നുണ്ട്.
ഞാന്‍ രണ്ടു ഷൂസും അഴിച് അദ്ദേഹത്തിന് നേരെ നീട്ടി. ഇരു കൈകളും നീട്ടി അദ്ദേഹമത് വാങ്ങി സാവകാശം താഴെ പായില്‍ വെച്ചു.
എന്തോ ഒന്ന് തിരയുന്നത് പോലെ ആകാശത്തേക്ക് നോക്കി. പിന്നീട്, താഴെ വെച്ച ഷൂസെടുത്തു സൂര്യഭഗവാനെ നോക്കി തന്റെ നെറ്റിയില്‍ ആ രണ്ടു ഷൂസും ചേര്‍ത്ത് വെച്ചു പ്രാര്‍ഥിച്ചു. ഒരു അഞ്ചു സെക്കന്റ്!!!
ഇന്നത്തെ ആദ്യത്തെ കസ്റ്റമര്‍ ഞാനാണ്. അതിന്റെ നന്ദി പ്രകാശനം - സൂര്യഭഗവാന്, പ്രകൃതിക്ക്, അഥവാ ദൈവത്തിനു!!!
സത്യം പറഞ്ഞാല്‍, ഇത് കണ്ടു നിന്ന ഞാന്‍ ശെരിക്കും സ്തബ്ധനായി. അദ്ധേഹത്തിന്റെ ജോലിയോടുള്ള, ഭക്തി കണ്ട്, തനിക്ക് ജോലിചെയ്യാന്‍ ഒരവസരം ഉണ്ടാക്കിത്തന്നതിനു ഈശ്വരനോട് നന്ദി പറഞ്ഞ രീതികണ്ട് ഞാന്‍ അന്തിച്ചു നിന്നു.
ഷൂ പോളിഷു ചെയ്തതിനു കാശും കൊടുത്തു ഓഫീസിലേക്ക് നടന്നു തുടങ്ങിയപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു, അല്പം കൂടെ കഴിഞ്ഞപ്പോള്‍ കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. കണ്ണീര്‍ കാഴ്ചകളെ മൂടാന്‍ തുടങ്ങിയപ്പോള്‍, വഴിയിലുള്ള ഒരു ഹോട്ടലില്‍ കയറി മുഖം കഴുകി വൃത്തിയാക്കി.
പതിവിലും അല്പം വൈകിയാണ് ഞാന്‍ ഓഫീസില്‍ എത്തിയത്. സീറ്റില്‍ കേറിയിരുന്നു, കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാന്‍ കൈ നീട്ടിയപ്പോള്‍... ആ ചെരുപ്പുകുത്തിയുടെ പ്രവൃത്തിയെ ഓര്‍ത്തു. എന്റെ കണ്ണുകള്‍ അടഞ്ഞു, രണ്ട് സെക്കന്റ് ഞാന്‍ നന്ദിയുള്ളവനായി, ഇപ്പോഴുള്ള ഈ ജോലിയിലുള്ള കൃതജ്ഞത പ്രകാശിപ്പിച്ചു. ജീവിതത്തിലാദ്യമായി അന്ന് ഞാന്‍ ഒരു പ്രാര്‍ഥനയോടെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു!
സഹപ്രവര്‍ത്തകനായ കന്നടക്കാരന്‍ ചോദിച്ചു, "യേന്‍ മകാ? ഏനായിത്തു?"... ഏയ് നതിംഗ്! എന്ന് മറുപടി പറഞ്ഞു ഞാന്‍ കഫറ്റെരിയയിലെക്ക് നടന്നു.
---
ഈ കമ്പനിയില്‍ തുടര്‍ന്ന് മാസങ്ങളോളം ഞാന്‍ ജോലി ചെയ്തു... ഈ ഒരൊറ്റ അനുഭവം, അതുകൊണ്ട് മാത്രം! ഈ അനുഭവമായിരുന്നു എന്റെ കണ്ണ് തുറപ്പിച്ചത്. എന്റെ ബാലിശങ്ങളായ ചിന്തകളെ,ന്യായങ്ങളെ ഈ ഒരൊറ്റ അനുഭവം കണ്ണീരിനാല്‍ കഴുകി, തെളിഞ്ഞ കാഴ്ച തന്നു.
അന്ന് തൊട്ടു തുടങ്ങിയ ഒരു ശീലമുണ്ട് എനിക്ക്... ഓഫീസില്‍ എത്തിയാല്‍, സിസ്റ്റം ഓണ്‍ ചെയ്യുന്നതിന് മുന്പ് രണ്ട് സെക്കന്റ് ഞാനൊന്നു കണ്ണടക്കും, ഇപ്പോള്‍ ഉള്ള ജോലിക്ക് കൃതജ്ഞത ഉള്ളവനാകും - എന്നിട്ടേ പവര്‍ ബട്ടനില് വിരല്‍ വെക്കാറുള്ളൂ.
പലരോടും പലപ്പോഴായി ഈ അനുഭവം ഞാന്‍ പങ്കുവെച്ചിട്ടുണ്ട്... കിട്ടിയ ജോലിയെ കുറ്റം പറയുമ്പോള്‍, ചെറിയ ചെറിയ കാരണത്താല്‍ രാജി വെക്കാന്‍ പോവുന്നു, ജോലി മടുത്തു എന്നൊക്കെ പറയുമ്പോള്‍, ഞാന്‍ അവര്‍ക്ക് ഈ കഥ പറഞ്ഞു കൊടുക്കാറുണ്ട്. എപോഴൊക്കെ ഈ കഥ പറയുന്നുവോ അപ്പോഴൊക്കെ എന്റെ കണ്ണുകളില്‍ അല്പം ഈറന്‍ അനുഭവപ്പെടാറുമുണ്ട്. ആ ചെരുപ്പുകുത്തിയെ ഓര്‍മ്മിക്കുമ്പോഴെല്ലാം ഞാന്‍ നന്ദിയുള്ളവനായി തീരാറുണ്ട്. അദ്ദേഹത്തിന്റെ പേരോ, ഊരോ ഒന്നുമറിയില്ലെങ്കിലും മനസ്സുകൊണ്ട് വന്ദിക്കാറുണ്ട്, ഗുരുവായി കാണാറുണ്ട്.
ആരല്ലെന്‍ ഗുരുനാഥര്‍? ആരല്ലെന്‍ ഗുരുനാഥര്‍?
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ... എന്ന് പണ്ട് പഠിച്ചത് എത്ര ശെരിയാണ്. അല്ലെ?
നമുക്ക് പ്രകൃതിയെ നിരീക്ഷിക്കാം, പ്രകൃതി പകര്‍ന്നു തരുന്ന അറിവുകളെ കാണാനും മനസ്സിലാക്കാനും ശ്രദ്ധയുള്ളവരാകാം, കൂടുതല്‍ സംവേദനക്ഷമതയുള്ളവരാകാം.
അതിഥി ദേവോ ഭവ: അനുഭവങ്ങള്‍ പ്രകാശമാവട്ടെ!
സമര്‍പ്പണം : വഴിവക്കില്‍ പ്രകാശമായി നിന്ന പേരറിയാത്ത,നാടറിയാത്ത ആ ചെരുപ്പുകുത്തിക്ക്.

നമസ്തേ ലക്ഷ്മി, വളരെ നന്നായിരിക്കുന്നു. ഞാനും ജോലിക്ക് പോകുമ്പോള്‍ ക്ലോക്ക് ഇന്‍ ചെയ്യുന്നതിന് മുന്‍പ് ചെയ്യാറുണ്ട്. വണ്ടി എടുക്കുന്നതിനുമുന്പ് ഒന്നു പ്രാര്‍ത്ഥിക്കാറുമുണ്ട്. ഓര്‍ക്കുമെങ്കില്‍ മൊബൈല്‍ തൊട്ടും പ്രാര്‍ത്ഥിക്കാറുണ്ട് ദിവസത്തിന്‍റെ ആദ്യം. പക്ഷേ ഇന്നുവരെ ഞാന്‍ ആരോടും ഇതു പറഞ്ഞിരുന്നില്ല.നാളെ മുതല്‍ ഞാന്‍ പറയും അതിനോടൊപ്പം ഞാന്‍ ഈ അനുഭവ കഥയും പറയും. വളരെ സന്തോഷവും നന്ദിയുമുണ്ട് കുട്ടീ ഞങ്ങള്‍ക്കുവേണ്ടി ഇത് പങ്കുവച്ചതിനു..ദൈവാനുഗ്രഹം എന്നെന്നും കൂടെയുണ്ടാകട്ടെ.....
ReplyDelete