--------------------------------------------------------
പല ആചാര്യന്മാരെ പരിചയപ്പെടാനും, അവരോട് സംവദിക്കാനും, സംശയനിവാരണം നടത്താനും എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. ഈ കുറിപ്പിൽ ഞാൻ ഒര്മ്മിക്കാൻ/നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് എന്റെ പ്രഥമ ആചാര്യനെ പറ്റിയാണ്. എന്റെ രാഘവൻ മാഷിനെ പറ്റി!
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമായി,പുണ്യമായി ഞാൻ കരുതുന്ന ഒന്നുണ്ട്, ഞാൻ പഠിച്ച വിദ്യാലയം! "വിദ്യാതരംഗിണി എൽ.പി സ്കൂൾ", ആ പേര് ഒന്നൂടെ നോക്കൂ - വിദ്യാതരംഗിണി! എത്ര മനോഹരമാണ്, അല്ലെ? പേര് പോലെ തന്നെയായിരുന്നു ആ വിദ്യാലയവും! എനിക്ക് കിട്ടിയ ഏറ്റവും വലിയ വിദ്യാഭാസം ഇവിടെ നിന്നായിരുന്നു... വേറെ
പല സ്കൂളിലും പഠിച്ചെങ്കിലും അതൊന്നും എനിക്ക് വ്യക്തി എന്ന നിലയിൽ വലിയ വിദ്യ തന്നിട്ടുണ്ടോ എന്ന് സംശയമാണ്.
വിദ്യാതരംഗിണിയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട മാഷായിരുന്നു രാഘവൻ മാഷ്(ആചാര്യൻ)! എനിക്കെന്നല്ല, സ്കൂളിലെ എല്ലാ കുട്ടികള്ക്കും രാഘവൻ മാഷിനെ വല്യ ഇഷ്ടായിരുന്നു. എന്താ കാര്യം? മാഷിനറിയാത്ത ഒരു വിദ്യയുമില്ല തന്നെ.(എൽ/പി സ്കൂളിലെ കുട്ടിയുടെ ചിന്ത).
മാഷ് അസ്സലായി ചിത്രം വരക്കും, നന്നായി പാട്ട് പാടും, പാട്ടെഴുതും, നന്നായി കഥ പറയും, കഥയെഴുതും, നന്നായി ചിരിക്കും, നന്നായി തമാശ പറയും, നന്നായി വേഷം ധരിക്കും, നന്നായി പാഠങ്ങൾ എടുക്കും, നന്നായി സ്നേഹിക്കും, നന്നായി ചീത്തപറയുകേം, നുള്ളുകേം, അടിക്യേം ചെയ്യും... ചുരുക്കി പറഞ്ഞാൽ രാഘവൻ മാഷ് ചെയ്യുന്നതെന്തും നന്നായേ ചെയ്യൂ, നല്ലതേ ചെയ്യു.
എനിക്ക് "രാഗോൻ മാഷെ" (ഞങ്ങൾ കുട്ടികൾ രാഗോൻ മാഷ് ന്നാ വിളിക്ക്യ) ഇത്തിരി കൂടുതൽ ഇഷ്ടപ്പെടാൻ കാരണങ്ങൾ പലതാണ്.
ഒന്നാമതായി... മാഷിന്റെ ചിത്രം വര തന്നെ. രണ്ടാമതായി മാഷിന്റെ വൃത്തിയുള്ള എഴുത്തും,സംഭാഷണവും. എന്നെ മാഷ് 'നാരായണാ' എന്നായിരുന്നു വിളിച്ചിരുന്നത്. മാഷ്ക്കും തിരിച്ച് എന്നെ വല്യ ഇഷ്ടാണെന്ന് ഞാൻ കരുതിയിരുന്നു. അതോണ്ട് തന്നെ മാഷിന്റെ മുന്നില് നല്ല കുട്ടിയായിരിക്കാൻ ഞാൻ ശ്രമിക്കുമായിരുന്നു.
മാഷിന്റെ ചിത്രം വര - സ്കൂളിൽ പഠിക്കുന്ന എനിക്ക് കാലത്ത് ചിത്രംവര ഏറെ പ്രിയമായിരുന്നു. രാഘവൻ മാഷാണേൽ ദിവസോം ബോർഡിൽ എന്നും ചുരുങ്ങിയത് ഒരു ചിത്രമെങ്കിലും വരയ്ക്കും. അത് നോക്കി ഞങ്ങൾ സ്ലെയ്റ്റിൽ വരയ്ക്കും, എന്നിട്ട് അത് മാഷെ കാണിക്കും. മാഷ് എന്നെ നല്ലോണം പ്രോൽസാഹിപ്പിക്യേം ചെയ്തിരുന്നു ഇക്കാര്യത്തിൽ. പല ചിത്രരചനാ മത്സരങ്ങളിലും എന്നെ പങ്കെടുപ്പിക്യേം ചെയ്തിരുന്നു.
പിന്നെയോ, ഞങ്ങളുടെയൊക്കെ ചിത്രം മാഷ് വരച്ചു തരും... ഷർട്ട്-ഇലെ പോക്കറ്റിൽ ചെറിയ പൂക്കളൊക്കെ നല്ലപോലെ ഭംഗിയായി വരച്ചു തരുമായിരുന്നു.
(മാഷ് വരച്ച എന്റെ ചിത്രം.)
മാഷിന്റെ എഴുത്ത് - ഇത്രയും വൃത്തിയായി, വെടിപ്പായി ബ്ലാക്ക് ബോർഡിൽ എഴുതാൻ അറിയുന്ന ഒരു അധ്യാപകനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ആദ്യായി ഒരു മാർജിൻ ബോർഡിൽ വരയ്കും, എന്നിട്ട് തീയതിയും ക്ലാസും എഴുതും, എന്നിട്ടേ ബാകി എഴുതുള്ളൂ. നോട്ട്ബുകിലും, സ്ലെയ്റ്റിലും മാർജിൻ മാഷിന് നിർബന്ധമാണ്.ഇത് എല്ലാവരും കൃത്യമായി പാലിക്കുകയും ചെയ്തിരുന്നു,ഇല്ലെങ്കിൽ കുന്നിക്ക് പിടി ഉറപ്പായിരുന്നു! മാഷ് എഴുതുന്ന പോലെ എഴുതാൻ ഞാൻ കഠിനപ്രയത്നം ചെയ്തിരുന്നു എന്ന് തന്നെ പറയട്ടെ... മാഷ് ഒരു കലാകാരൻ ആയതു കൊണ്ട് തന്നെ മാഷിന്റെ എഴുത്തിൽ ചില പ്രത്യേക ചുനിച്ചിലുകളും, വളവുകളും ഞാൻ ശ്രദ്ധിച്ചിരുന്നു. ഉദാഹരണത്തിന് മാഷ് "സ"/"യ"/ "3" എന്നൊക്കെയെഴുതുന്നത് . അതെ പോലെ തന്നെ എഴുതാൻ ഞാൻ കിണഞ് പരിശ്രമിച്ചിരുന്നു. ഒരു പരിധിവരെ അതിൽ ഞാൻ വിജയിക്കുകയും ചെയ്തിരുന്നു.
(പിൽക്കാലത്ത് പലരും എന്റെ എഴുത്തിനെ പറ്റി നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. യു പി സ്കൂളിൽ ചേർന്നപ്പോൾ എന്റെ എഴുത്ത് കണ്ട ഒരധ്യാപകാൻ ചോദിച്ചു, വിദ്യതരംഗിണി-ലാ പഠിച്ചേ ല്ലേ? കൂടാതെ, അമ്മയും,ചേച്ചിമാരും മറ്റു ചില കുട്ടികളും നോട്ടിലെ ആദ്യ പേജിൽ പലപ്പോഴും എന്നെക്കൊണ്ട് അവരുടെ പേര് എഴുതിപ്പിക്കാറുണ്ടായിരുന്നു)
മാഷിന്റെ കലാവാസന - മാഷ് എന്നും ഒരു പാട്ടെങ്കിലും ഞങ്ങള്ക്ക് പാടിത്തരാറുണ്ടായിരുന്നു. നല്ല ഈണത്തിലും ഭാവത്തിലും.സംഗീതത്തെ പറ്റിയും മറ്റു വിവിധ കലകളെ പറ്റിയും മാഷിനു നല്ല ജ്ഞാനം ഉണ്ടായിരുന്നു. അതൊക്കെ ഞങ്ങളിലേക്ക് പകര്ന്നു തരികയും ചെയ്തിരുന്നു. മാഷ് നന്നായി അഭിനയിക്കുകയും എഴുതുകയും ചെയ്തിരുന്നു. പുതുതായി എഴുതിയ കവിത/കഥ ഇവയൊക്കെ ഞങ്ങള്ക്ക് പറഞ്ഞു തരുമായിരുന്നു. (സംഗീതത്തെയും, മറ്റുളള എല്ലാ കലകളെയും ആസ്വദിക്കാനും, അവയെപറ്റി കൂടുതൽ അറിയാനുമുള്ള ജിജ്ഞാസ എനിക്ക് ഇത് പ്രദാനം ചെയ്തു!)
മാഷിന്റെ സ്നേഹം - മാഷ് എല്ലാ കുട്ടികളെയും ഒരേ പോലെ നിറയെ സ്നേഹിച്ചിരുന്നു. കുട്ടികൾക്ക് ഭയം കൂടാതെ സംസാരിക്കാനും, കളിക്കാനും, പഠിക്കാനുമുള്ള സ്വാതന്ത്രയ്മുണ്ടായിരുന്നു. മാഷിന്റെ മടിയിലൊക്കെയായിരുന്നു ക്ലാസ്സിലെ ഇടവേളകളിൽ ഞങ്ങളുടെ സ്ഥാനം. കുട്ടികളുടെ ഏതു കാര്യത്തിലും രക്ഷിതാക്കൾ മാഷിനെ സമീപിച്ചിരുന്നു.പഠനത്തിലാണെങ്കിലും, സ്വഭാവത്തിന്റെ, ആരോഗ്യത്തിന്റെ എന്ന് വേണ്ട എന്തും മാഷ് ചെയ്യാൻ റെഡി ആയിരുന്നു. ഞങ്ങൾ കുട്ടികളുടെ ഇളകുന്ന "പല്ല്" വരെ മാഷായിരുന്നു എടുത്തിരുന്നത് എന്ന് പറയുമ്പോൾ ഒരു പക്ഷെ നിങ്ങൾ അതിശയപ്പെട്ടെക്കാം.
മാഷിന്റെ വൃത്തി/അച്ചടക്കം - മാഷ് വൃത്തിയായി വേഷം ധരിച്ചേ ക്ലാസ്സിൽ വരാറൂണ്ടായിരുന്നുള്ളൂ. വൃത്തി എന്നതിന് അലക്കിതേച്ചത് എന്ന് മാത്രല്ല ട്ടോ അർഥം... മൊത്തത്തിൽ! അദ്ദേഹം മാന്യമായി, ലളിതമായി വസ്ത്രം ധരിച്ചേ വരാരുണ്ടായിരുന്നുള്ളൂ എന്ന്. മുഖത്ത് ഒരു സൌമ്യത എന്നും ഞാൻ മാഷിൽ ശ്രദ്ധിച്ചിരുന്നു... ഒരിക്കലും ഒരു ബഹളക്കാരനായി ഞാൻ മാഷെ കണ്ടിട്ടില്ല.
ഞങ്ങളുടെ എല്ലാവരുടെയും നോട്ട്ബുക്കിൽ, ആദ്യത്തെ പേജ്-ല് അദ്ദേഹം എഴുതി വെയ്ക്കുന്ന രണ്ടു വാചകങ്ങൾ ഉണ്ട്! ഇന്നും പ്രസക്തമായ രണ്ട വാചകങ്ങൾ!
1. അനുസരണം പ്രധാന ഗുണം!
2. പുസ്തകം പൊന്നുപോലെ സൂക്ഷിക്കണം!
പിന്നെയുള്ള ഒരു കാര്യം ന്താ ച്ചാൽ, ചെരുപ്പ് ധരിച് മാഷ് ക്ലാസ്സിൽ കയറിയിരുന്നില്ല. ഞങ്ങൾ കുട്ടികള്ക്കും ഇത് ബാധകമായിരുന്നു. ക്ലാസിനു പുറത്ത് ചെരുപ്പ് അഴിച് വെച്ചേ ക്ലാസ്സിൽ കയറിയിരുന്നുള്ളൂ.
(പിന്നീട്, പൊയിൽകാവ് യു.പി സ്കൂളിൽ ചേർന്നപ്പോൾ, ചെരുപ്പഴിച്ചു പുറത്ത് വെച്ച് ക്ലാസ്സിൽ കയറിയ എന്നെ മറ്റു കുട്ടികൾ കളിയാക്കി! അവിടത്തെ അധ്യാപകർ ചെരിപ്പിട്ട് ക്ലാസ്സെടുക്കുന്നത് കണ്ടപ്പോൾ എനിക്ക് ഈ സ്കൂളിൽ പഠിക്കേണ്ട എന്ന്
അന്നെനിക്ക് തോന്നിയിട്ടുമുണ്ട്!)
മാഷിന്റെ അറിവ് - എടുക്കുന്ന വിഷയവും, അതിന്റെ കുറച് അപ്പുറവും കുറച് ഇപ്പുറവും മാഷ് പറഞ്ഞു തന്നിരുന്നു. കുട്ടികളെ അറിഞ്ഞു ക്ലാസ്സ് എടുതിരുന്നു. കുട്ടികളോട് കൂട്ടുകൂടി ക്ലാസ്സ് എടുക്കുന്ന രീതിയായിരുന്നു മാഷിന്റെ രീതി. ഇത് കൊണ്ട് തന്നെ ഓരോ കുട്ടിയേയും മാഷ് അറിഞ്ഞിരുന്നു എന്ന് തന്നെ എനിക്ക് തോന്നിയിട്ടുണ്ട്. ഒരു ഉദാഹരണം പറയട്ടെ. രസാണ് ഈ കഥ!
രണ്ടാം ക്ലാസ്സിലാണെന്ന് തോന്നുന്നു... ഞങ്ങൾ - ഹരിഷ്, ജോഷി, ജിജി, പ്രസിത, വിജില, സുജാത - ഇവരായിരുന്നു അക്കാലത് എന്റെ മുഖ്യസുഹൃത്തുക്കൾ. എന്നെക്കാളും പരിഷ്കാരോം, ബുദ്ധീം, ലോക പരിജ്ഞാനോം ഉള്ളവരായിരുന്നു ഇവരൊക്കെ. ഞാൻ അന്നും ഇന്നും പാവം "stupid". അങ്ങനെയിരിക്കെ ഞങ്ങൾടെ ക്ലാസ്സിൽ ഒരു പുതിയ കുട്ടി വന്നു... പേര് മഞ്ജു. തമിഴ് നാട്ടിൽ നിന്നാണ് ഇവൾ വന്നത് . അധികം താമസിയാതെ മഞ്ജു ഞങ്ങളടെയും സുഹൃത്തായി.
ഒരിക്കൽ, ഇന്റെർവൽ സമയത്ത് ഞങ്ങൾ എന്തോ കളിക്കുകയായിരുന്നു... എന്തൊക്കയോ പറഞ്ഞു പറഞ്ഞു ഒടുവിൽ ആണും പെണ്ണും കെട്ടിപ്പിടിക്കാൻ പാടില്ല എന്നും, അതൊക്കെ ചീത്ത ഏർപ്പാടാണെന്നും ലോകപരിചയമുള്ള എന്റെ കൂട്ടുകാര് പറഞ്ഞു. സ്വതവേ കുനിഷ്ട് പറയുന്ന ഞാൻ ഇതിലും എതിര്പ്പ് പറഞ്ഞു. കെട്ടിപ്പിടിക്കൽ ഒരു ചീതപ്പണിയല്ല എന്ന് തർക്കിച്ചു. പെണ്ണുങ്ങളെ കെട്ടിപ്പിടിച്ചാൽ വിവരം അറിയും എന്നപോല്യൊക്ക്യായി പിന്നീട് സംസാരം... ഓ, പിന്നെ! എന്ന് ഞാനും. അത്രയ്ക് ധൈര്യം ഉണ്ടേൽ മഞ്ജുനെ കെട്ടിപ്പിടിക്ക് - എന്ന് എന്നെ ഒരുത്തി വെല്ലുവെളിക്ക്യ വരെണ്ടായി... ഞാൻ മടിച്ചില്ല - മഞ്ജു-നെ കെട്ടിപ്പിടിച്ചു!!! ഹോ - പോരെ പൂരം! കുട്ടികൾ കൂക്കിവിളിയായി, ബഹളമായി. ഭാഗ്യത്തിന് അപോഴെക്കും ബെൽ അടിച്ചു. വെല്ലുവിളിച്ചവൾ എന്നോട് പറഞ്ഞു... എന്തായാലും ഇത് രാഘവൻ മാഷോട് ഞാൻ പറഞ്ഞു കൊടുക്കും.
എനിക്ക് പേടിയായി... ഇവൾ, ഈ കുശുമ്പത്തി എന്തായാലും പറയും. സത്യം പറയാലോ, എനിക്ക് ഈ കെട്ടിപ്പിടിക്കൽ ഒരു മോശം പ്രവർത്യായി അപോഴും തോന്നിയിരുന്നില്ല... ഞാൻ അന്ന് നിഷ്കളങ്കനായിരുന്നു, പാവം 8 വയസ്സുകാരൻ!
അതല്ല, ഇനിയിപ്പോ ചെയ്തത് കുരുതക്കെടായോ ദൈവമേ... ഇവർ പറഞ്ഞ പോലെ ഞാൻ ചെയ്തത് മോശപ്പണിയാണോ! രാഘവൻ മാഷ് ഇത് അറിഞ്ഞാൽ എന്നെ എന്ത് പറയും? ചീത്തപറയോ, അടിക്ക്യോ..? ഞങ്ങൾ കുടുംബങ്ങൾ തമ്മിൽ അടുത്ത് അറിയുന്നതിനാൽ മാഷ് ഇതറിഞ്ഞാൽ അമ്മയോട് ആ സ്പോട്ടിൽ പറയും. അമ്മാച്ചൻ അറിഞ്ഞാൽ..? ഈശ്വരാ, ന്റെ കുടുംബത്തിന്റെ മാനം ഞാൻ കളഞ്ഞു കുളിച്ചോ... ഒരായിരം ചിന്തകള് മനസ്സില് മിന്നി.
"രാഗോൻ മാഷുണ്ട് വരുന്നുണ്ട്, ഞാനിത് പറയും മാഷോട്"... കുട്ടികൾ ഏറ്റു പാടി.( ആരേലും കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ടേൽ ഇങ്ങന്യാണ് മാഷെ ഞങ്ങൾ ക്ലാസ്സിലേക്ക് വരവേൽക്കുക )
എന്റെ ഹൃദയമിടിപ്പ് കൂടി, വിറക്കാൻ തുടങ്ങി... വിയർത്തു!
എന്താ ഒരു ബഹളം? മാഷ് ചോദിച്ചു. അവൾ എണീറ്റ് പറഞ്ഞു... ലക്ഷ്മിനാരായണൻ മഞ്ജുവിനെ കെട്ടിപ്പിടിച്ചു!
മാഷെന്നെ നോക്കി ചോദിച്ചു... അങ്ങനണ്ടായോ നാരായണാ?
ഞാൻ ഒന്നും മിണ്ടിയില്ല, മുഖം താഴ്‌ത്തി... കണ്ണ് നിറഞ്ഞു... അടുത്ത നിമിഷം പൊട്ടും, പൊട്ടിക്കരയും എന്ന നിലയിൽ നിൽക്കുമ്പൊ, മാഷു പറയുന്നത് കേട്ടു...
ഇതിനാണോ നിങ്ങളീ ബഹളൊക്കെ വെച്ചത്, ഒരു ചെറുചിരിയോടെ മാഷ് ചോദിച്ചു. അതിൽ തെറ്റൊന്നുമില്ല. സ്നേഹത്തോടെ കെട്ടിപ്പിടിക്കാറില്ലെ നമ്മളെ പലരും... അച്ഛൻ,അമ്മ, മുത്തശ്ശി, സുഹൃത്തുക്കൾ! എന്നിട്ട് ഏതോ ഒരു കഥയൊക്കെ പറഞ്ഞ മാഷ് ആ വിഷയം വളരെ സമർത്ഥമായി കൈകാര്യം ചെയ്തു.
എന്നിൽ മാഷിന്റെ ഈ മറുപടിയുണ്ടാക്കിയ ആശ്വാസം... അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ക്ലാസ്സിലെ മറ്റു മുഴുവൻ കുട്ടികളും എന്നെ എതിർത്തപ്പോൾ എന്റെ മാഷ് എന്റെ കൂടെ നിന്നു.. അദ്ദേഹം എന്നെ മനസ്സിലാക്കിയിരുന്നു/ അറിഞ്ഞിരുന്നു എന്നു എനിക്ക് അന്ന് ഉറപ്പായി!
ചുരുക്കിപ്പറഞ്ഞാൽ... ഇന്നിന്റെ ഭാഷയിൽ പറഞ്ഞാൽ, രാഘവാൻ മാഷ് ആചാര്യൻ എന്ന നിലയിൽ "ഒരു സംഭവം" ആയിരുന്നു. ഞാൻ രാഘവൻ മാഷിനെ സ്നേഹിച്ചിരുന്നു/ ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ പല ശീലങ്ങളും,രീതികളും ഞാൻ അന്ന് അനുകരിച്ചിരുന്നു. എന്തിനേറെ പറയുന്നു, രാഘവൻ മാഷ് നഖം വെട്ടുന്നത് പോലെ നഖം വെട്ടാൻ ഞാൻ ശ്രമിച്ചിരുന്നു. അത്രയ്ക് മാത്രം രാഘവൻ മാഷ് എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഇന്നും അറിയുന്ന സ്നേഹം - ഇന്നും ഇപ്പോഴും എവിടെ വെച്ച് കണ്ടാലും, റോഡിലാവട്ടെ/ കല്യാണവീട്ടിലാവട്ടെ/ ഉത്സവപറമ്പുകളിലാവട്ടെ പരിസരം നോക്കാതെ "നാരായണാ" എന്ന് വിളിച്ചു എന്നെ കെട്ടിപ്പിടിക്കുമ്പോൾ ഞാൻ ആ സ്നേഹത്തെ/ അതിന്റെ മഹത്വത്തെ/ എന്റെ ഭാഗ്യത്തെ അറിയുന്നു.
വര്ഷങ്ങള്ക്ക് ശേഷവും ആ ആചാര്യൻ കൊളുത്തിയ സ്നേഹത്തിന്റെ/ നിഷ്കളങ്കതയുടെ/ ഒരുമയുടെ/ കലയുടെ/ സംഗീതത്തിന്റെ പ്രകാശം ഇന്നും കെടാതെ ഞാൻ ഹൃദയത്തിലും മനസ്സിലും സൂക്ഷിക്കുന്നു... എന്റെ ജീവിതത്തിലെ ഓരോ മൂല്യവത്തായ നിമിഷങ്ങളിലും/ ഭാഗ്യങ്ങളിലും ആദ്ദേഹം കൊളുത്തിയ വെളിച്ചത്തെ എന്റെ പുണ്യമായി/ ഭാഗ്യമായി ഞാൻ അറിയുന്നു/ ഒര്മ്മിക്കുന്നു.
ഇത്തരത്തിലുള്ള ആയിരമായിരം ആചാര്യന്മാർ ഈ ലോകത്തിനു വെളിച്ചമേകാൻ പിറവിയെടുക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു... നല്ല ആചാര്യന്മാരിലൂടെ നാളെയിലെ ഓരോ കുട്ടിയും ഭാഗ്യമുള്ളവരാവട്ടെയെന്നും!
ആചാര്യ ദേവോ ഭവ - ആചാര്യൻ പ്രകശമേകട്ടെ, പ്രകാശമായി ഭവിക്കട്ടെ!
*സമര്പ്പണം: ആചാര്യ പാദങ്ങളിൽ